സഞ്ചാരികളെ കാത്തിരിക്കുന്നത് ഭീകരാനുഭവങ്ങള്‍; അറിയാം ചില യാത്രായിടങ്ങൾ......

യാത്ര ചെയ്യുമ്പോള്‍ ശാന്തമായ ഏതെങ്കിലും ഇടങ്ങളില്‍ ചെന്ന് ടെന്‍റടിച്ച് കൂടുക എന്നത് സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കാര്യമാണ്. ഇങ്ങനെ ക്യാമ്പ് ചെയ്യാന്‍ വേണ്ടി മാത്രം ആഴ്ചാവസാനങ്ങളില്‍ പെട്ടിയും സാധനങ്ങളുമെടുത്ത് പോകുന്ന നിരവധി പേരുണ്ട്. നീണ്ട യാത്രകള്‍ക്കിടെ വിശ്രമത്തിനായി വഴിയോരത്ത് ടെന്‍റടിച്ച് താമസിക്കുന്നവരും കുറവല്ല. 

അല്‍പ്പം ബുദ്ധിമുട്ടും വെല്ലുവിളികളുമൊക്കെ നിറഞ്ഞ ക്യാമ്പിങ് അനുഭവങ്ങള്‍ തേടി നടക്കുന്ന സാഹസിക സഞ്ചാരികള്‍ ധാരാളമുണ്ട്. രാത്രി പുലരുമോ എന്നുവരെ അറിയാത്ത സന്ദിഗ്ധത ചൂഴ്ന്നു നില്‍ക്കുന്ന ഇത്തരം അപകടകരമായ സ്ഥലങ്ങള്‍ യാത്ര ചെയ്ത് പരിചയമുള്ളവരെപ്പോലും കുഴപ്പത്തിലാക്കും. കൂടെ ഒരു ഗൈഡോ ആവശ്യമായ മുന്‍കരുതല്‍ നടപടികളോ ഇല്ലാതെ രാത്രി തങ്ങിയാല്‍ അപകടം ഉറപ്പുള്ള അത്തരം ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

1. ലേക്ക് മീഡ് നാഷണല്‍ റീക്രിയേഷന്‍ ഏരിയ, അരിസോണ

സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു ഇടമാണ് അരിസോണ-നെവാഡ അതിര്‍ത്തിയിലുള്ള ലേക് മീഡ്. ജല കായികവിനോദങ്ങള്‍ക്ക് പേരു കേട്ടതാണ് ഈ സ്ഥലം. മരുഭൂമിയിലെ കാലാവസ്ഥയാണ് ഇവിടെ. വിനോദ സഞ്ചാരികള്‍ക്ക് ചെയ്യാനാവുന്ന കാര്യങ്ങള്‍ക്ക് കൃത്യമായ ചട്ടങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമുണ്ട്. ഇത് പാലിക്കാത്തവര്‍ക്ക് അപകടം ഉറപ്പാണ്. നിരവധി ജീവനുകള്‍ ഇവിടെ നഷ്ടമായിട്ടുണ്ട്. ജലനിരപ്പിന്‍റെ പ്രവചനാതീതമായ ഉയര്‍ച്ച താഴ്ചകളും സുരക്ഷിതമല്ലാത്ത ബോട്ടിങ്ങുമെല്ലാം അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.

പെട്ടെന്ന് എത്തിച്ചേരാന്‍ പറ്റാത്ത വിദൂരമായ ഒരു സ്ഥലത്താണ് ലേക്ക് ഹീഡ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ എന്തെങ്കിലും അപകടം പറ്റിക്കഴിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആളുകള്‍ എത്താന്‍ ഒരുപാടു സമയമെടുക്കും.

2. മോണ്ടെ പിയാന, ഇറ്റാലിയന്‍ ആല്‍പ്സ് 

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം എട്ടായിരം അടി ഉയരത്തില്‍, ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന രണ്ടു പര്‍വ്വതത്തലപ്പുകള്‍ക്കിടയില്‍ കയര്‍ വലിച്ചു കെട്ടി അതില്‍ ഹാമോക് കെട്ടി കിടന്നുറങ്ങുന്നത് ഒന്നാലോചിച്ചു നോക്കൂ! ഒന്നു തിരിഞ്ഞു കിടന്നാല്‍ ഭും...! അതും ദിവസങ്ങളോളം. ഒന്നും രണ്ടുമല്ല ഒരൊറ്റ കയറിനു മേല്‍, ഒരേസമയം ഇങ്ങനെ കിടന്ന് ഊഞ്ഞാലാടുന്നത് നിരവധി പേരാണ്.

ആല്‍പ്സ് പര്‍വ്വതനിരകളുടെ ഭാഗമായ മോണ്ടെ പിയാനയില്‍ ആണ് ഈ കാഴ്ച കാണാനാവുക. എല്ലാ വര്‍ഷവും നടക്കുന്ന ഇന്‍റര്‍നാഷണല്‍ ഹൈലൈന്‍ മീറ്റിംഗ് ഫെസ്റ്റിവല്‍ ആണ് ഇങ്ങനെ ആകാശത്തിനും ഭൂമിക്കുമിടയില്‍ ഊഞ്ഞാല കെട്ടിയാടാനുള്ള അവസരമുള്ളത്. അങ്ങേയറ്റം ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ എന്തു സംഭവിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

3. മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പ്, നേപ്പാള്‍ 

സഞ്ചാരികളുടെ ആകാശം മുട്ടുന്ന സ്വപ്നങ്ങളില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഒരു പേരാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റിന്റേത്‌. അപാരമായ മനശ്ശക്തിയും ശാരീരികാരോഗ്യവും ഉള്ളവര്‍ക്ക് മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന യാത്രയാണിത്‌. 

നേപ്പാളില്‍ കൊടുമുടിയ്ക്ക് പതിനായിരം അടി താഴെയുള്ള എവറസ്റ്റ് ബേസ്ക്യാമ്പില്‍ എത്തിച്ചേരുക എന്നത് പോലും വെല്ലുവിളി നിറഞ്ഞതാണ്. പരിശീലനം ലഭിക്കാത്തവര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരും. അന്തരീക്ഷത്തിലെ കുറഞ്ഞ ഓക്സിജന്റെ അളവ് കാരണം ആരോഗ്യാവസ്ഥ മോശമാകാന്‍ ഏറെ സാധ്യതയുണ്ട്.

4. ഹക്ക്ള്‍ബെറി മൗണ്ടന്‍, ഗ്ലേസിയര്‍ നാഷണല്‍ പാര്‍ക്ക്‌ 

ലോകത്ത് ഏറ്റവുമധികം കരടികള്‍ കാണപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കാനഡ- യു എസ് ബോര്‍ഡറില്‍ ഉള്ള ഗ്ലേസിയര്‍ നാഷണല്‍ പാര്‍ക്ക്‌. 700 മുതല്‍ 1,700 പൗണ്ട് വരെ ഭാരമുള്ള ഈ ഭീമന്‍ കരടികള്‍ അപകടകാരികളാണ്.

കരടി വന്നാല്‍ പണ്ട് മല്ലനും മാതേവനും കഥയില്‍ ചെയ്ത പോലെ ചത്തതു പോലെ കിടക്കുകയോ കരടി സ്പ്രേ അടിക്കുകയോ ചെയ്യുകയാണ് മാര്‍ഗം!

ക്യാമ്പ് സൈറ്റില്‍ പാചകം ഒഴിവാക്കുകയും ഭക്ഷണം പുറത്ത് ഉപേക്ഷിക്കുകയും തുറന്നിടുകയും ചെയ്യാതിരിക്കുകയും ചെയ്യുന്നത് കരടികളെ താമസ സ്ഥലത്തേക്ക് ആകര്‍ഷിക്കുന്നത് ഒഴിവാക്കും. ഓരോ ക്യാമ്പ് സൈറ്റിന്‍റെയും ഒരു മൈല്‍ ദൂരത്തിനുള്ളില്‍ ഒരു കരടിയെങ്കിലും കാണും എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത.