*ഒരിക്കലും ഗതിമാറാത്ത നൈൽ; ഭൂമിക്കടിയിൽ 300 ലക്ഷം വര്‍ഷത്തെ നിഗൂഢത!* 

ലോകത്തെ ഏറ്റവും പഴക്കം ചെന്ന നദികളിലൊന്നാണ് നൈല്‍ നദി. മനുഷ്യ സംസ്കാരത്തിന്‍റെ വളര്‍ച്ചയിൽ നിര്‍ണായക പങ്കുവഹിച്ച ഈ നദിക്ക് ഒട്ടനവധി വര്‍ഷത്തെ പഴക്കവും അത്ര തന്നെ പാരിസ്ഥിതിക പ്രാധാന്യവുമുണ്ട്. എന്നാല്‍ മറ്റ് മഹാനദികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു പ്രത്യേകത കൂടി നൈലിനുണ്ട്. ഇതുവരെയുള്ള ചരിത്രത്തില്‍ ഒരിക്കൽ പോലും ഗതിമാറി ഒഴുകിയിട്ടില്ല ഈ നദി എന്നതാണ് ഈ പ്രത്യേകത.

പക്ഷേ നൈലിന്റെ ഈ പ്രത്യേകതയ്ക്കു പിന്നിലെ കാരണം ഇത്ര നാളും അജ്ഞാതമായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ നടന്ന ഒരു പഠനം ഈ രഹസ്യം പുറത്തു കൊണ്ടുവന്നിരിക്കുകയാണ്. മറ്റെല്ലാ പുരാതന നദികളും കാലത്തിനൊപ്പം ദിശയും മാറ്റിയപ്പോള്‍ നൈല്‍ മാത്രം എന്തുകൊണ്ട് 300 ലക്ഷം വര്‍ഷമായി ഒരേ ദിശയില്‍, ഒരേ പാതയില്‍ ഒഴുകുന്നു എന്ന് ഈ പഠനം വിശദീകരിക്കുന്നു.

നൈല്‍ നദി ഒഴുകുന്ന അതേ ദിശയില്‍, ഭൂമിക്കടിയിലായി കണ്‍വേയര്‍ ബെല്‍റ്റ് പോലെ പ്രവര്‍ത്തിക്കുന്ന ഒരു മാന്‍റിലിന്‍റെ ഭാഗം ഉണ്ടെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. ഈ മാന്‍റില്‍ ഭാഗത്തിന് ഒരു പക്ഷേ നദിയുടെ ഉദ്ഭവവുമായി പോലും ബന്ധമുണ്ടായിരിക്കാം എന്നാണ് ശാസ്ത്രലോകത്തിന്‍റെ നിഗമനം. കണ്‍വെക്ഷന്‍ സെല്‍ എന്ന് വിളിയ്ക്കുന്ന ഈ മാന്‍റില്‍ ഭാഗമാണ് ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി നൈല്‍ ദിശ മാറി ഒഴുകാത്തതിനു കാരണമെന്ന് ഇവര്‍ പറയുന്നു.

നൈലിന്‍റെ പ്രായം 6 ദശലക്ഷം വര്‍ഷം മാത്രമാണെന്ന ആശയത്തെയും തള്ളിക്കളയുന്ന ചില തെളിവുകള്‍ ഈ പഠനം മുന്നോട്ടു വയ്ക്കുന്നുണ്ട്. ഈ ആശയം അനുസരിച്ച് 60 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിഴക്കന്‍ ആഫ്രിക്കയിലൂടെ ഒഴുകിയിരുന്ന ഒരു ചെറു അരുവി വികസിച്ചാണ് പിന്നീട് നൈലായി മാറിയത്. എന്നാല്‍ ഈ നിരീക്ഷണം തെറ്റാണെന്നും പുതിയ പഠനം തെളിവുകള്‍ നിരത്തി വാദിക്കുന്നു.

നൈലിന് 300 ലക്ഷം വര്‍ഷം പഴക്കമുണ്ടെന്ന നിരീക്ഷണം പുതിയതല്ല. എന്നാല്‍ ഈ നിരീക്ഷണത്തിന് കൂടുതല്‍ ബലം നല്‍കുന്ന ചില കണ്ടെത്തലുകളാണ് പുതിയ പഠനം പങ്കുവയ്ക്കുന്നത്.ഇത്യോപ്യയില്‍ കാണപ്പെടുന്ന സവിശേഷ വിഭാഗത്തില്‍പെട്ട അഗ്നിപര്‍വത പാറകളുടെ അതേ അംശങ്ങള്‍ നൈല്‍ സമതലത്തിലുടെനീളം കാണാം എന്നതാണ് ഇതില്‍ നിര്‍ണായകമായ നിരീക്ഷണങ്ങളിലൊന്ന്.

ഭൂമിയുടെ മാന്‍റിലില്‍ ഉണ്ടായ മാറ്റങ്ങളാണ് ഇത്യോപ്യയിലെ പര്‍വത മേഖല ഉടലെടുക്കാന്‍ കാരണമായത്. ഈ പര്‍വതമേഖലയുടെ ഉദയം സൃഷ്ടിച്ച ചെരിവ് നൈലിന്‍റെ മെഡിറ്ററേനിയന്‍ വരെയുള്ള സഞ്ചാരപാതയിലുടെനീളമുണ്ട്. ഈ ചെരിവാണ് നൈലിന്‍റെ ദിശ മാറ്റാതെ നോക്കുന്നതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഈ പര്‍വത മേഖല സഞ്ചാരപാതയിലുടെനീളം സൃഷിടിക്കുന്ന തടസ്സമില്ലാതിരുന്നെങ്കില്‍ നൈല്‍ വളരെ പണ്ടേ പല കുറി ദിശ മാറിയേനെയെന്നും ഗവേഷകര്‍ പറയുന്നു.

നൈലിന്‍റെ ദിശയെക്കുറിച്ചു കണ്ടെത്താന്‍ സഹായിച്ചതിനു പുറമെ മറ്റൊരു നിര്‍ണായക വിവരം കൂടി ഈ പഠനം വെളിപ്പെടുത്തുന്നുണ്ട്. ഭൂമിയുടെ ഉള്‍പാളിയായ മാന്‍റിലില്‍ സംഭവിയ്ക്കുന്ന നേരിയ മാറ്റങ്ങള്‍പോലും എങ്ങനെ പുറമെ വലിയ മാറ്റങ്ങളുണ്ടാക്കുന്നു എന്ന് വ്യക്തമാകാന്‍ നൈലിന്‍റെ ഉദാഹരണം സഹായിക്കുന്നു. കൂടാതെ ഭൂമിയുടെ ഉള്ളില്‍ നടക്കുന്ന മാറ്റങ്ങളെ മനസ്സിലാക്കാന്‍ നദികള്‍ എങ്ങനെ സഹായകരമാകുന്നു എന്നതിനുകൂടി തെളിവാണ് നൈലിനെ സംബന്ധിച്ച പുതിയ കണ്ടെത്തലുകള്‍.‌

ടെക്സാസ് സര്‍വകലാശാലയിലെ ഗവേഷകനായ ക്ലോഡിയോ ഫാസെന്നയുടെ നേതൃത്വത്തിലുള്ള സംഘമാണ് നൈലിന്‍ ദിശമാറ്റത്തെ സംബന്ധിച്ച പുതിയ നിരീക്ഷണങ്ങള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. യാങ്സെ, കോംഗ, ആമസോണ്‍ തുടങ്ങി ലോകത്തെ മറ്റ് വന്‍നദികളിലെല്ലാം സമാനമായ പഠനം നടത്താനൊരുങ്ങുകയാണ് ഇപ്പോള്‍ ഈ ഗവേഷക സംഘം.