വളരെ സങ്കീർണ്ണമായ ഒരു അവയവമാണ് കണ്ണ്. സാധാരണ കാഴ്ച സാധ്യമാക്കാന്‍ ആവശ്യമായ ചെറുഭാഗങ്ങൾ ചേർന്ന അവയവമാണിത്. കാഴ്ച എന്ന അനുഭവം ഈ അവയവം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കൃത്യമായ കാഴ്ചയ്ക്ക് രണ്ടുകണ്ണുകളും ഒരേപോലെ പ്രവർത്തനക്ഷമമായിരിക്കണം
 
 
കണ്ണിനെ കാക്കാം; കൃഷ്ണമണിപോലെ
ആകാശത്തേക്കോ പച്ചപ്പിലേക്കോ വളരെ ദൂരത്തേക്കോ നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക് ഗുണംചെയ്യും
കണ്ണിലെ കൃഷ്ണമണി പോലെ നോക്കിക്കൊള്ളാമെന്ന് ചിലര്‍ പറയാറുണ്ട്. സത്യത്തില്‍ കണ്ണിന്റെയും കൃഷ്ണമണിയുടെയും കാര്യത്തില്‍ നമുക്ക് അത്രയൊക്കെ സൂക്ഷ്മതയുണ്ടോ? 
പുതിയ തലമുറയില്‍ കണ്ണട ഉപയോഗിക്കുന്നവരുടെ എണ്ണം ഏറെയാണ്. ടി.വി.യുടെയും കമ്പ്യൂട്ടറിന്റെയും നിരന്തരമായ ഉപയോഗമാണ് ഇതിന് പ്രധാന കാരണം. കാല്‍ വിരലുകളെ സംരക്ഷിക്കുവാന്‍ പോലും നാം ചില വ്യായാമങ്ങള്‍ ചെയ്യാറുണ്ട്. അപ്പോഴും കണ്ണിനെ ഒഴിവാക്കാറാണ് പതിവ്. 
കണ്ണിലെ പേശികള്‍ക്ക് വേണ്ടത്ര വിശ്രമവും വ്യായാമവും ലഭിക്കാതിരുന്നാല്‍ പലതരത്തിലുള്ള അസുഖങ്ങളും നമ്മെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര നിഗമനം വിസ്മരിക്കാതിരിക്കുക. നയനങ്ങളെ സംരക്ഷിക്കാന്‍ ചില ലളിതമായ വ്യായാമങ്ങള്‍ ഉണ്ട്. 

കമ്പ്യൂട്ടറിലെയോ ടി.വി.യിലെയോ സ്‌ക്രീനിലേക്ക് കൂടുതല്‍ സമയം തുടര്‍ച്ചയായി നോക്കി ഇരിക്കുന്ന പ്രവണത നന്നല്ല. അഞ്ചോ പത്തോ മിനുട്ടു കൂടുമ്പോള്‍ കണ്ണ് നന്നായി ചിമ്മുകയും തിരിക്കുകയും ചെയ്യുക.
കണ്ണുകള്‍ നന്നായി അടച്ചശേഷം കൃഷ്ണമണി വട്ടംകറക്കുക. അതോടൊപ്പം ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്യുക, ഇടയ്ക്കിടെ അനന്തതയിലേക്ക് നോക്കുക. ആകാശത്തേക്കോ പച്ചപ്പിലേക്കോ വളരെ ദൂരത്തേക്കോ നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണംചെയ്യും.

കണ്ണ് തുറന്ന് പുരികത്തിലേക്കും നാസികാഗ്രത്തിലേക്കും മാറി മാറി നോക്കുക. ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കുക. കണ്ണ് അല്പസമയം ഇറുക്കി അടയ്ക്കുക. എന്നിട്ട് തുറക്കുക. ഈ പ്രക്രിയയും ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുക. കണ്ണ് നന്നായി അടച്ചശേഷം രണ്ട് കൈപ്പത്തികളും പരസ്പരം ഉരുമ്മി ചൂട് പിടിപ്പിക്കുക. അതിന്ന് ശേഷം ഇരു കണ്ണുകളിലും മൃദുവായി താഴേയ്ക്ക് തടവുക. ഇപ്രകാരം ഇടയ്ക്കിടെ ആവര്‍ത്തിച്ചാല്‍ കണ്ണുകളുടെ ക്ഷീണം മാറ്റിയെടുക്കാം.
ശരിയായവിധത്തില്‍ ലഭിച്ചാല്‍ കണ്ണിന് ഏറെ ഗുണം ചെയ്യുന്നതാണ് സൂര്യപ്രകാശം. 

വെള്ളത്തിലൂടെ സൂര്യനെ നോക്കുന്നത് നന്നായിരിക്കും. വെള്ളത്തിലൂടെ വരുന്ന പ്രകാശരശ്മി കണ്ണിന് ആരോഗ്യമേകും. സൂര്യന് അഭിമുഖമായി നിന്ന് കൈക്കുടന്നയിലോ പാത്രത്തിലോ വെള്ളമൊഴിച്ച് അതിലൂടെ സൂര്യനെ കാണുക. 
അരയാലിന്റെ രണ്ട് പച്ചിലകള്‍ കണ്ണിനോടടുപ്പിച്ച് പിടിച്ച് അതിലൂടെ സൂര്യനെ നോക്കിയാലും മതി.
ഇരുണ്ടമുറിയില്‍ കത്തിച്ചുവെച്ച വിളക്ക് നോക്കിയിരിക്കുന്നത് കാഴ്ചശക്തിയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കും.

കണ്ണുകള്‍ക്ക് വേണം'വിഷ്വല്‍ ബ്രെയ്ക്'
പുഷ്പ.എം

കാഴ്ചയുടെ ലോകം കംപ്യൂട്ടറില്‍ ഒതുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ കണ്ണുകള്‍ക്ക് 'വിഷ്വല്‍ ബ്രെയ്ക്' ആവശ്യമാണ്. 

ദീര്‍ഘനേരം കംപ്യൂട്ടറില്‍ തന്നെ കണ്ണുംനട്ട് ജോലി ചെയ്യുമ്പോള്‍, കണ്ണുകള്‍ അടുത്തുള്ള വസ്തുവില്‍ മാത്രമേ ഫോക്കസ് ചെയ്യപ്പെടുന്നുള്ളു. അതുകൊണ്ട് ഇടയ്ക്ക് കുറച്ചുനേരം ദൂരെയുള്ള ഒരു വസ്തുവിലേക്ക് നോക്കണം. ഒരു മണിക്കൂറില്‍ അഞ്ച് മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. പച്ചപ്പുള്ളിടത്തേയ്ക്കു നോക്കുന്നത്, മനസിനെന്നതുപോലെ കണ്ണുകള്‍ക്കും ഫ്രഷ്‌നെസ് പകരുന്നു.

തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുമ്പോള്‍, ഇടയ്ക്ക് അല്‍പനേരം കണ്ണടച്ചിരിക്കുന്നതും കണ്ണിന്റെ ആയാസം കുറയ്ക്കും. വെറുതെ ഇമ ചിമ്മുന്നതു പോലും കണ്ണുകളുടെ 'ഡ്രൈനസ്' കുറയ്ക്കും.

ആവശ്യത്തിന് പ്രകാശമുളളിടത്ത് കംപ്യൂട്ടര്‍ വയ്ക്കുക. കംപ്യൂട്ടറില്‍ ഗ്ലെയര്‍ അടിക്കാതെയും ശ്രദ്ധിക്കണം.

മോനിട്ടറില്‍ നിന്നും 20- 28 ഇഞ്ച് അകന്നിരിക്കുക.

ഇടയ്ക്ക് തണുത്ത വെള്ളം കൊണ്ട് കണ്ണുകള്‍ കഴുകണം.

കണ്ണുകള്‍ക്ക് ക്ഷീണം തോന്നുമ്പോള്‍, സീറ്റില്‍ നിവര്‍ന്നിരുന്ന ശേഷം ഉള്ളംകൈ രണ്ടും കൂട്ടിപ്പിടിച്ച് തിരുമ്മുക. കൈകളില്‍ ചൂട് അനഭവപ്പെടുമ്പോള്‍ ഉള്ളംകൈ കൊണ്ട് കണ്ണ് മെല്ലെ മൂടുക. ഒരു മിനിറ്റ് അങ്ങനെ ഇരിക്കുക. ഇങ്ങനെ ചെയ്താല്‍ കണ്ണുകളെ ക്ഷീണം കുറയും.

വൈകിട്ട് വീട്ടില്‍ വരുമ്പോള്‍, തണുപ്പിച്ച കട്ടന്‍ചായയില്‍ മുക്കിയ പഞ്ഞി കണ്ണുകള്‍ക്കു മുകളില്‍ വച്ച് 10 മിനിറ്റുനേരം വിശ്രമിക്കുന്നത് നല്ലതാണ്. അതുപോലെ, മുറിച്ച വെള്ളരിക്ക കണ്ണുകള്‍ക്കു മുകളില്‍ വയ്ക്കുന്നതും കണ്ണിന്റെ ക്ഷീണമകറ്റും.

ക്യാരറ്റ്, ഇലക്കറികള്‍, മുട്ട, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് ഗുണപ്രദമാണ്.

കാഴ്ചക്കു മങ്ങല്‍, തലവേദന, കണ്ണുകള്‍ക്ക് അസ്വസ്ഥത, കംപ്യൂട്ടറില്‍ ജോലി ചെയ്തതിനു ശേഷം ദൂരെയുള്ള വസ്തുക്കളില്‍ നോക്കുമ്പോള്‍ ഫോക്കസ് ചെയ്യാന്‍ പ്രയാസം തോന്നുക തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.


ഡ്രൈ ഐ'യെ അറിയുക
ആരോഗ്യ സംരക്ഷണത്തില്‍ മറ്
റേതൊരു അവയവത്തെക്കാളും സുപ്രധാനമാണ് നേത്രപരിചരണം. കമ്പ്യൂട്ടറും മറ്റും വ്യാപകമായതോടെ ഏറ്റവുമധികം പേര്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ്'ഡ്രൈ ഐ'. 

കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് കണ്ണുനീര്‍. കണ്ണിന് ഈര്‍പ്പവും രോഗങ്ങളില്‍ നിന്ന് പ്രതിരോധവും നല്‍കുന്നതിനൊപ്പം കണ്‍പോളകള്‍ക്കിടയില്‍ ലൂബ്രിക്കന്റായും ഇത് പ്രവര്‍ത്തിക്കുന്നു. കാഴ്ച ആയാസരഹിതമാക്കുന്നതിനൊപ്പം കണ്ണുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന ഘടകവും കണ്ണുനീരാണ്. ചിലരുടെ കണ്ണുകളില്‍ ആവശ്യത്തിന് കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്നില്ല. ചിലര്‍ക്കാകട്ടെ കണ്ണുനീര്‍ പെട്ടെന്ന് ബാഷ്പീകരിച്ചു പോകുന്നു. ഇത്തരം അവസ്ഥയെയാണ് 'ഡ്രൈ ഐ' എന്നു പറയുന്നത്.

കാരണങ്ങള്‍
പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകാം.
ചില ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ആകാം.
വരണ്ടതും പൊടിപിടിച്ചതും ശക്തമായ കാറ്റടിക്കുന്നതുമായ അന്തരീക്ഷം അല്ലെങ്കില്‍, എയര്‍കണ്ടീഷന്‍, കണ്ണുനീര്‍ത്തുള്ളിയുടെ അമിതമായ ബാഷ്പീകരണം എന്നിവയെല്ലാം ഡ്രൈ ഐക്ക് കാരണമാകാം.
ദീര്‍ഘനാളത്തെ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗം.
കമ്പ്യൂട്ടറിലേക്ക് അല്ലെങ്കില്‍, വീഡിയോ സ്‌ക്രീനിലേക്ക് തുടര്‍ച്ചയായി ഇമവെട്ടാതെ നോക്കിയിരിക്കുക.
കണ്‍പോളകള്‍ക്ക് മുകളില്‍ അല്ലെങ്കില്‍ ചുറ്റുമുള്ള ത്വക്‌രോഗങ്ങള്‍.
കണ്‍പോളകളിലുള്ള ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍.
പ്രതിരോധശക്തിക്ക് വരുന്ന വ്യതിയാനം.
കണ്‍ജക്ടീവ സ്ഥിരമായി നീര് വന്ന്‌വീര്‍ക്കുക, കണ്‍പോളകള്‍ മുതല്‍ കണ്ണിന്റെ മുന്‍ഭാഗം വരെ കാണുന്ന കണ്ണിന്റെ പാളിക്ക് വരുന്ന രോഗങ്ങള്‍ അല്ലെങ്കില്‍ കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിക്ക് വരുന്ന രോഗങ്ങള്‍.
കണ്ണില്‍ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുക.
കണ്ണില്‍ സദാ കരട് ഉള്ളതുപോലെ തോന്നുക.
വേദനയും കണ്ണുചുവക്കലും.
മ്യൂക്കസ് എന്ന ദ്രാവകം പുറന്തള്ളുക.
മങ്ങിയ കാഴ്ച.
എങ്ങനെ മനസ്സിലാക്കാം

കണ്‍പോളകളെ 20 സെക്കന്‍ഡ് നേരത്തേക്ക് പൂര്‍ണമായി വിടര്‍ത്തുക, കണ്ണില്‍ പുകച്ചില്‍ അല്ലെങ്കില്‍ വരണ്ട അവസ്ഥ അനുഭവപ്പെടുകയാണെങ്കില്‍ ഡ്രൈ ഐ ഉണ്ടെന്ന് മനസ്സിലാക്കാം. ഡ്രൈ ഐ കണ്ടുപിടിക്കാന്‍ വിവിധതരം ടെസ്റ്റുകള്‍ ഉണ്ട്. ഇത് ഡോക്ടറെ കണ്ട് ഡോക്ടറുടെ നിര്‍ദേശാനുസരണം ചെയ്യണം.

ശ്രദ്ധിക്കേണ്ടവ
കണ്ണ് ചിമ്മുന്ന വ്യായാമങ്ങള്‍ ചെയ്യുക.
കണ്‍പോളകള്‍ ചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകുക.
വശങ്ങളില്‍ കവറുള്ള ഗ്ലാസുകള്‍ ധരിക്കുക വഴി കണ്ണിലെ അമിതമായ ബാഷ്പീകരണം തടയാം.
പുക, പൊടി എന്നിവ ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുക.
പുകവലി, മദ്യപാനം ഉപേക്ഷിക്കുക.
കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കണ്‍നിരപ്പിനേക്കാള്‍ താഴ്ത്തിവെക്കുക.
ദീര്‍ഘസമയം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്ക് കണ്ണ് ചിമ്മുകയും കണ്ണിന് വ്യായാമം നല്‍കുകയും വേണം. ഇടയ്ക്കിടയ്ക്ക് സ്‌ക്രീനില്‍ നിന്ന് കണ്ണെടുത്ത് ദൂരേക്ക് നോക്കുന്നതും നന്നായിരിക്കും. എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാതിരിക്കുക.